Psalms 106

1യഹോവയെ സ്തുതിപ്പിൻ; യഹോവെക്കു സ്തോത്രം ചെയ്‌വിൻ;
അവൻ നല്ലവനല്ലോ;
അവന്റെ ദയ എന്നേക്കും ഉള്ളതു.
2യഹോവയുടെ വീൎയ്യപ്രവൃത്തികളെ ആർ വൎണ്ണിക്കും?
അവന്റെ സ്തുതിയെ ഒക്കെയും ആർ വിവരിക്കും?
3ന്യായത്തെ പ്രമാണിക്കുന്നവരും
എല്ലായ്പോഴും നീതി പ്രവൎത്തിക്കുന്നവനും ഭാഗ്യവാന്മാർ.
4യഹോവേ, നീ തിരഞ്ഞെടുത്തവരുടെ നന്മ ഞാൻ കാണേണ്ടതിന്നും
നിന്റെ ജനത്തിന്റെ സന്തോഷത്തിൽ സന്തോഷിക്കേണ്ടതിന്നും
നിന്റെ അവകാശത്തോടുകൂടെ പുകഴേണ്ടതിന്നും
5നിന്റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓൎത്തു,
നിന്റെ രക്ഷകൊണ്ടു എന്നെ സന്ദൎശിക്കേണമേ.
6ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു;
ഞങ്ങൾ അകൃത്യവും ദുഷ്ടതയും പ്രവൎത്തിച്ചു.
7ഞങ്ങളുടെ പിതാക്കന്മാർ മിസ്രയീമിൽവെച്ചു നിന്റെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും
നിന്റെ മഹാദയയെ ഓൎക്കാതെയും കടല്ക്കരയിൽ, ചെങ്കടല്ക്കരയിൽവെച്ചു തന്നേ മത്സരിച്ചു.
8എന്നിട്ടും അവൻ തന്റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന്നു
തന്റെ നാമംനിമിത്തം അവരെ രക്ഷിച്ചു.
9അവൻ ചെങ്കടലിനെ ശാസിച്ചു, അതു ഉണങ്ങിപ്പോയി;
അവൻ അവരെ മരുഭൂമിയിൽകൂടി എന്നപോലെ ആഴിയിൽകൂടി നടത്തി.
10അവൻ പകയന്റെ കയ്യിൽനിന്നു അവരെ രക്ഷിച്ചു;
ശത്രുവിന്റെ കയ്യിൽനിന്നു അവരെ വീണ്ടെടുത്തു.
11വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു;
അവരിൽ ഒരുത്തനും ശേഷിച്ചില്ല.
12അവർ അവന്റെ വചനങ്ങളെ വിശ്വസിച്ചു;
അവന്നു സ്തുതിപാടുകയും ചെയ്തു.
13എങ്കിലും അവർ വേഗത്തിൽ അവന്റെ പ്രവൃത്തികളെ മറന്നു;
അവന്റെ ആലോചനെക്കു കാത്തിരുന്നതുമില്ല.
14മരുഭൂമിയിൽവെച്ചു അവർ ഏറ്റവും മോഹിച്ചു;
നിൎജ്ജനപ്രദേശത്തു അവർ ദൈവത്തെ പരീക്ഷിച്ചു.
15അവർ അപേക്ഷിച്ചതു അവൻ അവൎക്കുകൊടുത്തു;
എങ്കിലും അവരുടെ പ്രാണന്നു ക്ഷയം അയച്ചു.
16പാളയത്തിൽവെച്ചു അവർ മോശെയോടും
യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു.
17ഭൂമി പിളൎന്നു ദാഥാനെ വിഴുങ്ങി;
അബീരാമിന്റെ കൂട്ടത്തെയും മൂടിക്കളഞ്ഞു.
18അവരുടെ കൂട്ടത്തിൽ തീ കത്തി;
അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു.
19അവർ ഹോരേബിൽവെച്ചു ഒരു കാളക്കുട്ടിയെ ഉണ്ടാക്കി;
വാൎത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു.
20ഇങ്ങനെ അവർ തങ്ങളുടെ മഹത്വമായവനെ
പുല്ലു തിന്നുന്ന കാളയോടു സദ്രശനാക്കി തീൎത്തു.
21മിസ്രയീമിൽ വലിയ കാൎയ്യങ്ങളും
ഹാമിന്റെ ദേശത്തു അത്ഭുതപ്രവൃത്തികളും
22ചെങ്കടലിങ്കൽ ഭയങ്കരകാൎയ്യങ്ങളും ചെയ്തവനായി
തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവർ മറന്നുകളഞ്ഞു.
23ആകയാൽ അവരെ നശിപ്പിക്കുമെന്നു അവൻ അരുളിച്ചെയ്തു;
അവന്റെ വൃതനായ മോശെ കോപത്തെ ശമിപ്പിപ്പാൻ
അവന്റെ സന്നിധിയിൽ പിളൎപ്പിൽ നിന്നില്ലെങ്കിൽ
അവൻ അവരെ നശിപ്പിച്ചുകളയുമായിരുന്നു.
24അവർ മനോഹരദേശത്തെ നിരസിച്ചു;
അവന്റെ വചനത്തെ വിശ്വസിച്ചതുമില്ല.
25അവർ തങ്ങളുടെ കൂടാരങ്ങളിൽവെച്ചു പിറുപിറുത്തു;
യഹോവയുടെ വചനം കേൾക്കാതെയിരുന്നു.
26അതുകൊണ്ടു അവൻ: മരുഭൂമിയിൽ അവരെ വീഴിക്കുമെന്നും
അവരുടെ സന്തതിയെ ജാതികളുടെ ഇടയിൽ നശിപ്പിക്കുമെന്നും
27അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും
അവൎക്കു വിരോധമായി തന്റെ കൈ ഉയൎത്തി സത്യംചെയ്തു.
28അനന്തരം അവർ ബാൽപെയോരിനോടു ചേൎന്നു;
പ്രേതങ്ങൾക്കുള്ള ബലികളെ തിന്നു.
29ഇങ്ങനെ അവർ തങ്ങളുടെ ക്രിയകളാൽ അവനെ കോപിപ്പിച്ചു;
പെട്ടെന്നു ഒരു ബാധ അവൎക്കു തട്ടി.
30അപ്പോൾ ഫീനെഹാസ് എഴുന്നേറ്റു ശിക്ഷ നടത്തി;
ബാധ നിൎത്തലാകയും ചെയ്തു.
31അതു എന്നേക്കും തലമുറതലമുറയായി അവന്നു നീതിയായിഎണ്ണിയിരിക്കുന്നു.
32മെരീബാവെള്ളത്തിങ്കലും അവർ അവനെ കോപിപ്പിച്ചു;
അവരുടെനിമിത്തം മോശെക്കും ദോഷം ഭവിച്ചു.
33അവർ അവന്റെ മനസ്സിനെ കോപിപ്പിച്ചതുകൊണ്ടു
അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി.
34യഹോവ തങ്ങളോടു നശിപ്പിപ്പാൻ കല്പിച്ചതുപോലെ
അവർ ജാതികളെ നശിപ്പിച്ചില്ല.
35അവർ ജാതികളോടു ഇടകലൎന്നു അവരുടെ പ്രവൃത്തികളെ പഠിച്ചു.
36അവരുടെ വിഗ്രഹങ്ങളെയും സേവിച്ചു;
അവ അവൎക്കൊരു കണിയായി തീൎന്നു.
37തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും
അവർ ഭൂതങ്ങൾക്കു ബലികഴിച്ചു.
38അവർ കുറ്റമില്ലാത്ത രക്തം,
പുത്രീപുത്രന്മാരുടെ രക്തം തന്നേ ചൊരിഞ്ഞു;
അവരെ അവർ കനാന്യവിഗ്രഹങ്ങൾക്കു ബലികഴിച്ചു,
ദേശം രക്തപാതകംകൊണ്ടു അശുദ്ധമായ്തീൎന്നു.
39ഇങ്ങനെ അവർ തങ്ങളുടെ ക്രിയകളാൽ മലിനപ്പെട്ടു,
തങ്ങളുടെ കൎമ്മങ്ങളാൽ പരസംഗം ചെയ്തു.
40അതുകൊണ്ടു യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിച്ചു;
അവൻ തന്റെ അവകാശത്തെ വെറുത്തു.
41അവൻ അവരെ ജാതികളുടെ കയ്യിൽ ഏല്പിച്ചു;
അവരെ പകെച്ചവർ അവരെ ഭരിച്ചു.
42അവരുടെ ശത്രുക്കൾ അവരെ ഞെരുക്കി;
അവർ അവൎക്കു കീഴടങ്ങേണ്ടിവന്നു.
43പലപ്പോഴും അവൻ അവരെ വിടുവിച്ചു;
എങ്കിലും അവർ തങ്ങളുടെ ആലോചനയാൽ അവനോടു മത്സരിച്ചു;
തങ്ങളുടെ അകൃത്യംനിമിത്തം അധോഗതി പ്രാപിച്ചു.
44എന്നാൽ അവരുടെ നിലവിളി കേട്ടപ്പോൾ
അവൻ അവരുടെ കഷ്ടതയെ കടാക്ഷിച്ചു.
45അവൻ അവൎക്കായി തന്റെ നിയമത്തെ ഓൎത്തു;
തന്റെ മഹാദയപ്രകാരം അനുതപിച്ചു.
46അവരെ ബദ്ധരാക്കി കൊണ്ടുപോയവൎക്കെല്ലാം
അവരോടു കനിവു തോന്നുമാറാക്കി.
47ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ;
നിന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‌വാനും നിന്റെ സ്തുതിയിൽ പ്രശംസിപ്പാനും
ജാതികളുടെ ഇടയിൽനിന്നു ഞങ്ങളെ ശേഖരിക്കേണമേ.
48യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ;
ജനമെല്ലാം ആമേൻ എന്നു പറയട്ടെ.
യഹോവയെ സ്തുതിപ്പിൻ.

അഞ്ചാം പുസ്തകം

Copyright information for Mal1910